നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

ഡല്‍ഹി: ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷണത്തില്‍ സഹായം തേടി ട്വിറ്ററിന് നോട്ടീസ് അയച്ചു.

നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരെ അന്തര്‍ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്യാന്‍വാപി പള്ളി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. നൂപുര്‍ ശര്‍മയെയും മറ്റൊരു വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു. മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപുര്‍ ശര്‍മയ്‌ക്കെതിരെ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *