മലപ്പുറം: മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി തയ്യില്‍ ഹില്‍ത്താസി(35)ന്റെ മൃതദേഹമാണ് രാവിലെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ നടുവില്‍വച്ച് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന എടവണ്ണ സ്വദേശി വളാപറമ്ബില്‍ അബ്ദുല്‍ ജഷീല്‍ (27) നീന്തി രക്ഷപ്പെട്ടിരുന്നു. കടവില്‍ കുളിക്കാനെത്തിയ സ്ത്രീ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ സംഭമറിഞ്ഞത്. നാട്ടുകാരും അഗ്നിശമന സേനയും ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രണ്ടാള്‍ ഉയരത്തില്‍ വെള്ളവും ശക്തമായ ഒഴുക്കുമുള്ള സ്ഥലമാണിവിടെ. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ട്രോമാകെയര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഞ്ചേരി, മലപ്പുറം യൂനിറ്റിലെ അഗ്നിശമന സേനാംഗങ്ങളും കടവിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രാത്രി ഒന്‍പതോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് രാവിലെ പുനഃരാരംഭിച്ച തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
താലൂക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീല്‍ ചീഫ് കോഡിനേറ്റര്‍ ഉമറലി ശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, സൈതലവി കരിപ്പൂര്‍, ഖലീല്‍ പള്ളിക്കല്‍, അശ്‌റഫ് മുതുവല്ലൂര്‍, ഫൈസല്‍ മുണ്ടക്കുളം വാസു കോട്ടാശേരി, എന്നിവരാണ് തിരച്ചിലിനെത്തിയത്.
