‘സന്തോഷ് ട്രോഫി ഫൈനല്‍ വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല’; സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ടി. ജലീല്‍

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്‌ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ടി.

ജലീല്‍. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ’ എന്ന് സ്വപ്നയുടെ ആരോപണങ്ങളെ തള്ളി ജലീല്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച്‌ കൂടുതല്‍ ഒന്നും തന്നെ ഇപ്പോള്‍ പറയാനില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്വപ്‌നയുടെ പരാമര്‍ശം കാര്യമാക്കുന്നില്ലെന്നും ഇത്തരം ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കര്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും സ്വര്‍ണക്കടത്തു കേസില്‍ പങ്കുള്ളവരെ കുറിച്ച്‌ വിശദമായ മൊഴി നല്‍കിയെന്നുമാണ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയതിന് ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.

‘ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്, 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ഗള്‍ഫില്‍ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ എന്നെ അറിയിച്ചു.

ഇതേത്തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം കറന്‍സി നോട്ടുകളാണ് എത്തിച്ചത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കാര്യങ്ങള്‍ അറിയാം’, സ്വപ്ന വ്യക്തമാക്കി. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *