മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഭിക്ഷയാചിച്ച് പ്രായമായ ദമ്പതിമാര്‍

പട്‌ന (ബിഹാര്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പണം സ്വരൂപിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി 50,000 രൂപ സര്‍ദാര്‍ ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു.
‘കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതിയിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വിളിയെത്തി. മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ജീവനക്കാരന്‍ 50,000 രൂപയാണ് ആവശ്യപ്പെട്ടത്. ഞങ്ങള്‍ പാവപ്പെട്ടവരാണ്, ഞങ്ങള്‍ എങ്ങനെ അത്രയും പണം നല്‍കും’, മരിച്ച യുവാവിന്റെ പിതാവ് മഹേഷ് ഠാക്കൂര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സര്‍ജന്‍ ഡോ. എസ്.കെ. ചൗധരി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതേ വിടില്ലെന്നും കര്‍ശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആശുപത്രിയിലെ ജീവനക്കാരിലധികവും കരാര്‍ ജീവനക്കാരാണെന്നും ഇവര്‍ക്ക് പലപ്പോഴും ശമ്പളം ലഭിക്കാറില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരില്‍ പലരും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്നത് പതിവാണെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *