കല്പറ്റ: വയനാട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.
മക്കിയാട് പാലേരി കോളനിയിലെ നാല്പതുകാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ഈ വര്‍ഷം നാലുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 51 പേര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായി. ബുധനാഴ്ച മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുെട എണ്ണം 131 ആയി.
ജില്ലയില്‍ റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും പ്രധാനമായ പകര്‍ച്ചവ്യാധിയാണ് എലിപ്പനി. മലിനമായ മണ്ണ്, വെള്ളം എന്നിവയുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് എലിപ്പനിയുണ്ടാകുന്നത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ. സക്കീന പറഞ്ഞു. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി കിട്ടും.
