യോഗ്യത വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നു;വി ടി ബെല്‍റാം

യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുന്‍ എം.എല്‍.എ വി.ടി ബെല്‍റിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍‍ഡ് മോണിറ്ററിംഗ് വകുപ്പില്‍ വീണ്ടും പുതുതായി കുറേ തസ്തികകള്‍ സൃഷ്ടിച്ച്‌ താത്ക്കാലിക നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണെന്നാണ് ബെല്‍റാമിന്റെ ആരോപണം. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്ബളം. യോഗ്യത എന്തായിരിക്കണമെന്ന് ഇതില്‍ വ്യക്തമായി പറയുന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

”വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്കിടയില്‍ വേണ്ടത്ര ഏകോപനമില്ലാത്തതിനാല്‍ പദ്ധതി നിര്‍വ്വഹണം വൈകുന്നത് പരിഹരിക്കാനാണത്രേ ഇങ്ങനെ ലക്ഷങ്ങള്‍ ശമ്ബളത്തില്‍ 16 താല്‍ക്കാലികക്കാരെ പുതുതായി നിയമിക്കുന്നത്! എന്നാല്‍ ചില സംശയങ്ങള്‍ ബാക്കിയാവുകയാണ്.

ഈ വക കാര്യങ്ങള്‍ക്ക് യോഗ്യത പോലും നിശ്ചയിക്കാതെ പുതിയ താല്‍ക്കാലികക്കാരെ നിയമിക്കേണ്ടതുണ്ടോ? നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്തി ഈ ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ പോരേ? സെക്രട്ടേറിയറ്റില്‍ നിരവധിയാളുകള്‍ പണിയില്ലാതെയിരിക്കുകയാണെന്നും ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിലൂടെ ഇവരെ വേണ്ട വിധം ഉപയോഗിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സര്‍ക്കാര്‍ ഉപേക്ഷിച്ചതുകൊണ്ടാണോ പുറത്തുനിന്ന് വീണ്ടും ആളെ എടുക്കുന്നത്?

അതോ നിലവിലെ ജീവനക്കാരില്‍ ഈ പണിക്ക് പറ്റുന്ന ആരും ഇല്ല എന്നതാണോ അവസ്ഥ? ഇങ്ങനെ വരുന്ന താല്‍ക്കാലികക്കാര്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ തടസ്സത്തിനും മെല്ലെപ്പോക്കിനും ഉത്തരവാദികളായ സര്‍ക്കാര്‍ വകുപ്പുകളിലെ താപ്പാനകള്‍ മൈന്‍ഡ് ചെയ്യുമോ? പുതിയ സ്വപ്ന സുരേഷുമാര്‍ക്ക് പഴയ ശിവശങ്കര്‍മാരുടെ ശുപാര്‍ശയില്‍ കടന്നുവരാനാണോ യോഗ്യതകള്‍ പോലും എടുത്തുപറയാതെയുള്ള ഈ താത്ക്കാലിക നിയമനങ്ങള്‍?” – ബെല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *