സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നതെന്ന് പി.സി. ജോര്‍ജ്

സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭയപ്പെടുത്തുന്നതെന്ന് പി.സി. ജോര്‍ജ്.

സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അത് നിഷേധിക്കാന്‍ സാധിക്കില്ല. താന്‍ തെറ്റുകാരനല്ലെന്ന് സ്വന്തം പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കാനാണ് പിണറാ‍യി ശ്രമിക്കുന്നത്. സത്യം എന്തെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ.പി. ജയരാജനാകാനാണ് സാധ്യത. പിന്നെയൊരാള്‍ എസ്.ഡി.പി.ഐക്കാരന്‍ കെ.ടി ജലീലാണെന്നും ജോര്‍ജ് പരിഹസിച്ചു.

ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ രണ്ടാം പ്രതിയാണ്. എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ല. സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു എന്നതാണ് താന്‍ ചെയ്ത കുറ്റം. സരിത നായരെ താന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്‌നമെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.

ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നാണ് തനിക്കെതിരായ കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഒരായിരം കേസെടുക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തുന്ന പ്രസ്താവനക്കെതിരെ കേസ് എടുക്കാനാണെങ്കില്‍ കേരളത്തില്‍ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും പി.സി ജോര്‍ജ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *