മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച് അനാവശ്യ ആക്ഷേപം പരത്തുകയാണെന്നും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ ഭരണ ചക്രം തിരിക്കുന്ന മോദി ഭരണത്തിന്റേയും സംഘപരിവാറിന്റേയും കണ്ണിലെ കരടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും എന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സിപിഐഎം മുഖപത്രമായ ദേശാഭിമാനി ലേഖനത്തില്‍ ‘അധര്‍മ രാഷ്ട്രീയം വാഴില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തി അതിന്റെ മറവില്‍ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് നോക്കുന്നത്. ബിജെപിയുമായി സഹകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ പുറപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിനും യുഡിഎഫിനും സമാന നിലപാടാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയേക്തിയായി പല കേന്ദ്രങ്ങളിലും അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ തൃക്കാക്കരയിലെ വിജയം ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അത് സ്ഥായിയോ തുടര്‍ പ്രതിഭാസമോ അല്ല, അതിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ പ്രതിപക്ഷത്തെ ചില കക്ഷികള്‍ അധാര്‍മിക മാര്‍ഗം സ്വീകരിക്കുന്നുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ കൂട്ടി കരുനീക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ചര്‍വിത ചര്‍വണം ചെയ്ത സ്വര്‍ണക്കടത്ത് കേസാണ് തൃക്കാക്കര തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വീണ്ടും ജീവന്‍വെച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എല്‍ഡിഎഫ് ഭരണത്തിന്റെ ജനക്ഷേമ വികസനത്തെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.
