കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പരോക്ഷമായി മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്ബനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട. നാടിന്റെ താത്പര്യത്തിന് എതിരായി നില്ക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവര്‍ ഏത് തരത്തിലുള്ള പിപ്പടി കാട്ടിയാലും അത് ഇങ്ങോട്ട് ഏശില്ല. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ വിശ്വാസമുണ്ട്. നിങ്ങള്‍ അത്യന്തം പരിഹാസ്യമായി നിലപാട് സ്വീകരിച്ച് കൊണ്ട് പോകുമ്ബോള്‍ അത് തിരിച്ചറിയാന്‍ ജനത്തിന് സാധിക്കുന്നുണ്ട്. മാദ്ധ്യമങ്ങള്‍ തങ്ങളുടെ പാളിച്ചകള്‍ സ്വയം പരിശോധിക്കണം. സര്‍ക്കാരിനെ പിന്താങ്ങുന്ന നിലപാടാണ് ജനങ്ങളുടെത്’- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത് ജനങ്ങളെ വലയ്ക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് എത്തിയതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെയാണ് പൊലീസ് അടച്ചത്. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്ബേയായിരുന്നു പൊലീസ് നടപടി.
വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്ധ്യമേഖലാ ഐ.ജി.അര്‍ഷിത അട്ടല്ലൂരിയാണ് കോട്ടയത്ത് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് ഹാളില്‍ കയറണമെന്നായിരുന്നു നിര്‍ദേശം. പരിപാടിക്ക് എത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും പറഞ്ഞിരുന്നു. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നവരെ കറുത്തമാസ്ക് ധരിക്കുന്നതില്‍ നിന്നും വിലക്കി. കറുത്ത മാസ്ക് മാറ്റാന്‍ ജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയരുന്നുണ്ട്.
നഗരത്തില്‍ മാമോദീസ ചടങ്ങ് കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ കുടുംബത്തെ പൊലീസ് തടഞ്ഞു. ഒരുമണിക്കൂര്‍ കഴിഞ്ഞ് പോയാല്‍ മതിയെന്ന് പൊലീസ് പറഞ്ഞതായി കുടുംബം അറിയിച്ചു. പലയിടത്തും പൊതുജനം പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി.
11 മണിക്കാണ് കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള പ്രതിനിധി സമ്മേളനം ആരംഭിക്കാനിരുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് യോഗം 10.30നാക്കി. ഇതിനായി രാവിലെ 8.30ന് തന്നെ നഗരത്തോട് ചേര്‍ന്ന് ക്രമീകരണങ്ങള്‍ തുടങ്ങി. ഇതോടെ നഗരത്തിലെ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകാന്‍ പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയാസമുണ്ടായി.
