മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും പ്രതിഷേധം, ഇപി ജയരാജന്‍ ഇവരെ തള്ളിമാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇപി ജയരാജന്‍ തള്ളിമാറ്റി. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവര്‍ക്ക് നേരെ നടന്നെത്തിയ ഇപി ജയരാജന്‍ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍. കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കിയതായി എയര്‍പോര്‍ട്ട് പൊലീസും പറയുന്നു.
വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. മുഖ്യമന്ത്രി മടങ്ങിയെത്തുന്നത് കണത്തിലെടുത്ത് തിരുവനന്തപുരത്തും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്!പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *