മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ താമര; ശിവസേന വിമതക്യാമ്പിലേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാടി സര്‍ക്കാരിനേയും ശിവസേനയേയും ഞെട്ടിച്ച് വിമത ക്യാമ്പിലേക്ക് എംഎല്‍എമാരുടെ ഒഴുക്ക്. മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ച ശിവസേന വിമത ക്യാമ്പിലേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തികൊണ്ടിരിക്കുന്നു. ഷിന്‍ഡെയും ശിവസേനയിലെ 21 ഓളം എംഎല്‍എമാരും നിലവില്‍ സൂറത്തിലെ ഹോട്ടലിലുണ്ട്. ഇതില്‍ നാലു മന്ത്രിമാരും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത എംഎല്‍എ അടക്കം ക്യാമ്പിലുണ്ട്.
ചില സ്വതന്ത്ര എംഎല്‍എമാരേയും സൂറത്തിലേക്ക് മാറ്റിയതായാണ് വിവരം. വിമത നീക്കങ്ങള്‍ക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡ്‌നാവിസ് ഡല്‍ഹിയിലെത്തി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.
മറുഭാഗത്ത് ഗുജറാത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുമായി ഹോട്ടലില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് ഉന്നത പദവി വാഗ്ദ്ധാനം ചെയ്തതായാണ് വിവരം. ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ എന്‍സിപി നേതാവ് ശരത് പവാര്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ഉദ്ധവ് താക്കറെയുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തും. ശരത് പവാറും ഉദ്ധവ് താക്കറേയും ഫോണിലൂടെ നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. സൂറത്തിലെ ഹോട്ടലിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുണ്ടായി.
ഇതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ അടിയന്തര യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ആരംഭിച്ചു. എല്ലാ എംഎല്‍എമാരോടും നിര്‍ബന്ധമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിമതര്‍ എത്തിയിട്ടില്ല. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന എംഎല്‍എസി തിരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാരും വോട്ട് മറിച്ചതായാണ് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് 40 ഓളം എംഎല്‍എരുടെ കൂടി പിന്തുണ ആവശ്യമുള്ള ബിജെപി കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *