കേരളത്തില്‍ പിടിമുറുക്കി ഡെങ്കിപ്പനി; കോവിഡിനേക്കാള്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്.

കോവിഡിനേക്കാള്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

കേരളത്തില്‍ പനി ബാധിച്ച്‌ നിലവില്‍ ഒരു ദിവസം ചികിത്സ തേടുന്നത് 12,000-ത്തോളം പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്ബോള്‍ വീണ്ടും ഉയരും. ഇതില്‍ 20 ശതമാനം കേസുകളും ഡെങ്കിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകള്‍ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങള്‍ കുത്തനെ ഉയരാന്‍ കാരണം. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തില്‍ ഗുരുതര സാഹചര്യമാണെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ് .

തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ആകെ കണക്കില്‍ 70 ശതമാനം വരെ രോഗബാധിതര്‍ തലസ്ഥാന ജില്ലയിലാണ്. എറണാകുളം ജില്ലയില്‍ ഈ മാസം ഇതുവരെ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിന് മുന്‍പ് 2017ലാണ് കേരളത്തില്‍ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടായത്.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ദിവസവും അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *