കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പൊതുവഴിയില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുള്‍ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്.
ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് 11-കാരിക്ക് ദുരനുഭവമുണ്ടായത്.
ബൈക്കിലെത്തിയ ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് അബ്ദുള്‍ ബാസിത് കുട്ടിയെ പൊതുവഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ ഫറോക്ക് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുന്നത് ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതോടെ അബ്ദുള്‍ ബാസിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബാസിതിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
