സ്യൂചിക്ക് ഇനി ഏകാന്തതടവ്; സൈന്യത്തിന്റെ തീരുമാനത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍

നെയ്പിഡോ: മ്യാന്‍മാറിലെ മുന്‍ ജനകീയ ഭരണാധികാരി ഓങ് സാങ് സ്യൂചിയെ വീട്ടുതടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്കുമാറ്റി. തലസ്ഥാനമായ നെയ്പിഡോയിലുള്ള ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് സൈനിക ഭരണകൂടത്തിന്റെ വക്താവ് സോ മിന്‍ തുന്‍ പറഞ്ഞു. നിയമം അനുശാസിക്കുന്ന നടപടിയാണിതെന്നും വിശദീകരിച്ചു.
സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള സ്യൂചി കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നിനാണ് അറസ്റ്റിലായത്. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട് സ്യൂചിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കുകയായിരുന്നു. ആദ്യം തലസ്ഥാനത്തെ വസതിയിലാണ് സ്യൂചിയെ തടവിലാക്കിയത്. പിന്നീട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ പരിചാരകരെ അനുവദിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
ഔദ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തല്‍, അഴിമതി തുടങ്ങി ഒട്ടേറേ കേസുകള്‍ സൈന്യം സ്യൂചിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുകേസുകളിലായി 11 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. രഹസ്യമായാണ് വിചാരണ നടത്തിയത്. പത്ത് അഴിമതി കേസുകളില്‍കൂടി വിധി വരാനുമുണ്ട്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചവയാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നിഷേധിച്ചുവെന്നും സ്യൂചിയെ പിന്തുണയ്ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.
മുന്‍ സൈനിക ഭരണകാലത്ത് 15 വര്‍ഷം തടവില്‍ കഴിഞ്ഞതോടെയാണ് ഓങ് സാങ് സ്യൂകി ജനാധിപത്യവാദികളുടെ നായികയായത്. അക്കാലത്ത് കൂടുതലും വീട്ടുതടങ്കലില്‍തന്നെയായിരുന്നു. മോചിതയായശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 2015ല്‍ മ്യാന്‍മറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടി വിജയിച്ചു. കാല്‍ നൂറ്റാണ്ടിനിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്.
അധികാരത്തിലിരിക്കെ റോഹിങ്ക്യന്‍ വിരുദ്ധ സൈനിക നടപടികളെ എതിര്‍ക്കാതിരുന്നത് സ്യൂചിയുടെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചു. 2021ലെ സൈനിക അട്ടിമറിയോടെ അവര്‍ പൊതുമധ്യത്തില്‍നിന്ന് അപ്രത്യക്ഷയായി. 77കാരിയായ സ്യൂചിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് സൂചന. ഏകാന്ത തടവിലേക്ക് മാറ്റുന്നതിനെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *