വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസില്‍ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
എംപിയുടെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ എസ്‌എഫ്‌ഐ- സിപിഎം കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും അക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. സുരക്ഷക്കായി കൂടുതല്‍ പോലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ രാത്രി യുഡിഎഫ് പ്രവര്‍ത്തകര്‍ എസ്‌പി ഓഫിസ് ഉപരോധിച്ചിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരുമായി എഡിജിപി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം അക്രമ സംഭവങ്ങളില്‍ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കം 19 പേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
