ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാര്‍ മുസ്‍ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ടതുണ്ടെന്ന് സംഗ്രൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ് മാന്‍.
കേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളുടെ താമസസ്ഥലങ്ങളിലെത്തി അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുകയാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തുകയും ദിനംപ്രതി മുസ്‍ലിംകളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അവരോട് ഇങ്ങനെ പെരുമാറരുത്. മുസ്‍ലിംകളെ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഗ്രൂരില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ഖാലിസ്താന്‍ പക്ഷ വാദിയായ ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഞെട്ടിച്ചത്. തുടര്‍ച്ചയായ രണ്ടു തവണ ഭഗവന്ത് മാന്‍ വിജയം നേടിയ സീറ്റാണ് സംഗ്രൂര്‍. എം.എല്‍.എയായതോടെ ഭഗവന്ത് മാന്‍ രാജിവെച്ചതാണ് തെരഞ്ഞെടുപ്പിന് വഴിവെച്ചത്.
തന്റെ തെരഞ്ഞെടുപ്പ് വിജയം ഖലിസ്താന്‍ വിഘടനവാദി നേതാവ് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലക്ക് സമര്‍പ്പിച്ച സിമ്രന്‍ജിത്, ജര്‍ണയില്‍ പഠിപ്പിച്ച പാഠങ്ങളുടെ വിജയം കൂടിയാണിതെന്നും പറഞ്ഞിരുന്നു.
