സ്വര്‍ണ്ണക്കടത്ത്: കൂടുതല്‍ തെളിവുണ്ടെങ്കില്‍ അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏതെങ്കിലും ഇടനിലക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ

അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കസ്റ്റംസാണ് അന്വേഷിച്ചത്. ഇതില്‍ സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനും അവിഹിതമായി ഇടപെട്ടിട്ടില്ല. ഈ കേസിലെ പ്രധാനപ്രതിയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണ്.ഇത് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഗൂഢാലോചന ആരോപിച്ച്‌ കെ.ടി.ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും സി.പി.പ്രമോദ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പൊലീസും കേസെടുത്തിട്ടുണ്ട്.ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

വ്യവസായ സംരക്ഷണസേനയില്‍

ആയിരം തസ്തികകള്‍ കൂടി

വ്യവസായ സംരക്ഷണസേനയില്‍ ആയിരം തസ്തികകള്‍ക്ക് കൂടി അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. പുതിയ വ്യവസായസ്ഥാപനങ്ങള്‍ക്കും ഐ.ടി.പാര്‍ക്കുകള്‍ക്കും സുരക്ഷയൊരുക്കുന്നതും ഈ വിഭാഗമായിരിക്കും.

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക്സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിരുന്ന പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠന റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തിയ നിരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റില്‍ ഏകദേശം 2263.18ഏക്കര്‍ ഭൂമിയില്‍ 3500മീറ്റര്‍ നീളമുള്ള റണ്‍വേ സാധ്യമാക്കുന്ന തരത്തിലുള്ള വിമാനത്താവളം മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *