കല്പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫിസ് തകര്‍ത്ത സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി യോഗം ചേര്‍ന്നു.
സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തില്‍, ജില്ലയിലെ എസ്.എഫ്.ഐ നേതാക്കളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
എസ്.എഫ്.ഐ മാര്‍ച്ചില്‍ പ്രവര്‍ത്തകരല്ലാത്ത സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തെന്നും ഇതടക്കം പരിശോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ അനുശ്രീ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും അനുശ്രീ പറഞ്ഞു.
സംസ്ഥാന തേതൃത്വത്തെ അറിയിച്ചല്ല എസ്.എഫ്.ഐ ജില്ല കമ്മിറ്റി എം.പി ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സംസ്ഥാന ഭാരവാഹികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ജില്ലയിലെ പ്രവര്‍ത്തകരെയടക്കം ബാധിക്കുന്ന ബഫര്‍സോണ്‍ വിഷയത്തില്‍ എം.പി ഇടപെടാത്തത് സംബന്ധിച്ച പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തി കേന്ദ്രീകൃതമായ മാര്‍ച്ച് നടത്തുക, ഓഫിസിനകത്തേക്ക് പോവുക തുടങ്ങിയ വിവരങ്ങള്‍ ജില്ല കമ്മിറ്റി അറിയിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവര്‍ത്തകര്‍ എന്നിവരടക്കം 29 പേര് റിമാന്‍ഡിലാണ്.
