കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍

അഗ്നിപഥ്, തൊഴിലില്ലായ്മ, സ്ഥിരം ജോലി എന്നിവ ഉയര്‍ത്തി ദില്ലിയിലെ ജന്ദര്‍മന്ദറില്‍ ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ധര്‍ണ നടത്തി. 12 ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.സൈനിക പരിശീലനം നല്‍കി യുവാക്കളെ പുറത്തിറക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്ന് എ.എ റഹിം എം.പി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും ഇടത് പക്ഷ യുവജന- വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ദില്ലിയില്‍ നടന്നത്. ദില്ലി ജന്ദര്‍ മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പങ്കെടുത്ത DYFl അഖിലേന്ത്യാ പ്രസിഡന്‍റ് എ. എ റഹീം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

അഗ്നിവീര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ എ റഹീം എംപി പറഞ്ഞു. സൈന്യം കരാര്‍ വത്കരിച്ചാല്‍ പോലീസ് അടക്കം എല്ലാ മേഖലയും കരാര്‍ വത്കരിക്കാന്‍ എളുപ്പമാകുമെന്നും റഹിം കൂട്ടിച്ചേര്‍ത്തു..സംസ്ഥാന സേനയുടെ സ്വഭാവം എന്തെന്ന് കേന്ദ്രം തീരുമാനിക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ വരും ദിവസങ്ങളില്‍ സമാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി വിദ്യാര്‍ത്ഥി- യുവജന സംഘടനകളെ ഉള്‍കൊള്ളിച്ച്‌ പ്രതിഷേധം നടത്തുമെന്ന്.. Sfi അഖിലേന്ത്യാ അധ്യക്ഷന്‍ വിപി സാനു പറഞ്ഞു. അഗ്നിപഥ് പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ വ്യക്തമാക്കി.

ഇതിനിടെ അഗ്നിപഥിനെ അനുകൂലിച്ച്‌ ലേഖനമെഴുതിയ കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരിയുടെ നിലപാട് കോണ്‍ഗ്രസ് തള്ളി. മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് ആണെന്നും, പദ്ധതി ദേശവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്നും ജയറആം രമേശ് വ്യക്തമാക്കി.

അതേസമയം അഗ്നിപഥ് പദ്ധതിയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് റിക്രൂട്ട്മെന്റിനായി ഇതുവരെ 1 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അപേക്ഷകള്‍ ക്ഷണിച്ച്‌ മൂന്നു ദിവസത്തിനകമാണ് ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തത്. റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 5 ആണ്.

.

Leave a Reply

Your email address will not be published. Required fields are marked *