കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച് ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി.
അഞ്ചല്‍ ഏരൂര്‍ നടുക്കുന്നംപുറം രതീഷ് മന്ദിരത്തില്‍ വിജി എന്നറിയപ്പെടുന്ന രാജേഷിനെയാണ് (35) ഏരൂര്‍ എസ് ഐ ശരലാലും സംഘവും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിരണ്ടാം തീയതി രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ തെക്കേവയല്‍ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിച്ചതിനു ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
രണ്ട് മാസക്കാലമായി കോഴഞ്ചേരിയില്‍ ഒളിച്ച് താമസിക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചതനുസരിച്ച് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരി എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത് എസ് ഐ ശരലാലിന്‍റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ നിസാറുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അരുണ്‍ കുമാര്‍, തുഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. അടിപിടി കേസുകളിലെ പ്രതിയായ ഇയാള്‍ ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് ഇയാളുടെ സഹായിയായ നടക്കുന്നുംപുറം എ എസ് ഭവനില്‍ അജികുമാര്‍ (47) നെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
