കല്‍ബുരഗി :സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ കറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ കല്‍ബുരഗി നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഓട്ടോയുടെ പിന്‍സീറ്റില്‍ വച്ച ശേഷമാണ് ലക്ഷ്മികാന്ത് എന്നയാള്‍ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
മക്കളായ സോണി (11), മായുരി (9) എന്നിവരെയാണ് ലക്ഷ്മികാന്ത് കൊലപ്പെടുത്തിയത്. ദാമ്ബത്യത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് കാമുകനൊപ്പം പോയ ഭാര്യ അഞ്ജലിയുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്നാണ് സൂചന. നാല് മാസങ്ങള്‍ക്കു മുമ്ബാണ് അഞ്ജലി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. തുടര്‍ന്ന് നാല് മക്കളെ തനിക്കൊപ്പം വിടണമെന്ന് ലക്ഷ്മികാന്ത് ആവശ്യപ്പെട്ടെങ്കിലും അഞ്ജലി സമ്മതിച്ചില്ല. കഴിഞ്ഞ ദിവസം കുട്ടികളെ കൊണ്ടുപോകാന്‍ ലക്ഷ്മികാന്ത് എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് നാല് മക്കളെയും കൊണ്ടുപോയ ലക്ഷ്മികാന്ത് ഇവരില്‍ രണ്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. ഇളയ മക്കളായ മോഹിത് (5), ശ്രേയ (3) എന്നിവര്‍ അറിയാതെയാണ് കൃത്യം നിര്‍വഹിച്ചത്.
