അറബിയെത്തി കൂട്ടത്തില്‍ സൗന്ദര്യമുള്ളവരെ കൊണ്ടു പോകും; ബാക്കിയുള്ളവര്‍ക്ക് ഏജന്റിന്റെ ക്രൂര മര്‍ദ്ദനവും; മനുഷ്യക്കടത്തി​ന്റെ പൊള്ളുന്ന വെളിപ്പെടുത്തലുമായി യുവതി

കേരളത്തില്‍ നിന്നും ഒമാനിലേക്കും മനുഷ്യക്കടത്ത് സജീവമാണെന്ന പരാതിയുമായി യുവതി. ജോലി തേടി വിദേശത്തേക്ക് പോയ അഞ്ചല്‍ സ്വദേശിനിയാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ഒമാനിലെ ഏജന്റിന്റെ ഓഫീസിലാണ് കടത്തികൊണ്ടു പോയ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവരെ ക്രൂരമായാണ് മര്‍ദ്ദിക്കുന്നതെന്നും യുവതി പറയുന്നു.

അഞ്ചല്‍ സ്വദേശിയായ വീട്ടമ്മയുടെ വാക്കുകള്‍;

ഭര്‍ത്താവ് മരിച്ചതോടെ വീടി​ന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. കുട്ടികളെ പഠിപ്പിക്കാനും ജീവിത ചെലവിനും വാങ്ങിയ കടം കൂടി കൂടി വന്നു. ഈ കടങ്ങളെല്ലാം വീട്ടാനാണ് ഗള്‍ഫില്‍ പോകാന്‍ തീരുമാനിക്കുന്നത്. ദുബായില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ആയൂര്‍ സ്വദേശിയായ ഏജന്റ് 45,000 രൂപ ഞങ്ങളുടെ കൈയ്യില്‍ നിന്നും വാങ്ങുകയായിരുന്നു. പിന്നീട് വിദേശത്തെ ഏജന്‍സിയുടെ ഓഫീസിലെത്തിയപ്പോഴാണ് ഇതൊരു കെണിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

അവിടെ സ്ത്രീകളെ ജോലിക്കെടുക്കാന്‍ അറബികള്‍ വരും. സൗന്ദര്യമുള്ള സ്ത്രീകളെ ആദ്യം ആദ്യം കൊണ്ടു പോകും. അങ്ങനെ ഒമാനിലെ ഒരു അറബി എത്തി വീട്ടിലെ ജോലിക്ക്‌ കൂട്ടിക്കൊണ്ട് പോയി. രാപ്പകല്‍ രണ്ടു വീടുകളിലെ പണികള്‍ മുഴുവനെടുപ്പിച്ചു. അസുഖം വന്നിട്ട് ആശുപത്രിയില്‍ കൊണ്ടു പോകാനോ അവധി നല്‍കാനോ തയ്യാറായില്ല. കൂടാതെ മോശം പെരുമാറ്റവും യുവതി പറഞ്ഞു.

ഒടുവില്‍ നാട്ടിലെ ജനപ്രതിനിധികളുടേയും ഒമാനിലെ മലയാളി സംഘടനകളുടേയും സഹായത്തോടെ യുവതി നാട്ടിലെത്തുകയായിരുന്നു. നിരവധി പേര്‍ ഏജന്‍സി ഓഫീസില്‍ കുടുങ്ങി കിടക്കുകയാണെന്ന് വീട്ടമ്മ പറയുന്നു. ഇവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ഈ വീട്ടമ്മയുടെ അഭ്യര്‍ഥന.

മനുഷ്യക്കടത്ത് സംഘം കുവൈറ്റിലെത്തിച്ച നൂറോളം യുവതികള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി; പെട്ടുപോയവരില്‍ അധ്യാപികമാരും

കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ നൂറോളം യുവതികള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. എംബസിയില്‍ അഭയംതേടിയ വനിതകളില്‍‌ ഭൂരിപക്ഷവും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കുവൈറ്റിലേക്കെത്തിയത്. ഇവരെ എംബസിയുടെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇവരെ രേഖകള്‍ ശരിപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ഒരു മാസമെങ്കിലും എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മജീദ് (എം.കെ.ഗാസലി) മുഖേന എത്തിയ മൂന്നു പേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവര്‍ വ്യത്യസ്ത ഏജന്റുമാര്‍ മുഖേന എത്തിയവരാണ്. കുടുംബത്തിലെ പട്ടിണിയകറ്റാന്‍ കയറിവന്നവരില്‍ സ്കൂള്‍ അധ്യാപകര്‍ വരെയുണ്ട്.

ഇതിനിടെ, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളില്‍ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്ബത്തൂര്‍, മംഗളൂരു സ്വദേശികളെയാണു കാണാതായത്. അടിമപ്പണിയില്‍നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിക്കൊപ്പമാണു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്.

ഇപ്പോള്‍ കുവൈത്തിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *