തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത നാല് ദിവസം 11 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചത്. അതേസമയം, ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോരങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്‌തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണ സാധ്യത മിന്നില്‍ക്കണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയേക്കും. ഇതേ തുടര്‍ന്ന് തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്‌തമായ കാലവര്‍ഷ കാറ്റിനൊപ്പം തെക്കന്‍ മഹാരാഷ്‌ട്ര തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയും മഴക്ക് കാരണമാണ്. സംസ്‌ഥാനത്ത് ഞായാറാഴ്ച മുതല്‍ മഴ വീണ്ടും ശക്‌തിപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് വരും ദിവസങ്ങളില്‍ ശക്‌തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, സംസ്‌ഥാനത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
