മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.
ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഫ്രാന്‍സിസ് മാര്‍പാപ്പ ഒഴിയാനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണം.
കാല്‍മുട്ട് വേദന കാരണം മാര്‍പാപ്പ അടുത്തിടെ വീല്‍ചെയറില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. ചില വിദേശയാത്രകള്‍ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാര്‍പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
