മക്ക: ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ തുടങ്ങാന്‍ ഒരു ദിനം ബാക്കിനില്‍ക്കെ ഹാജിമാര്‍ മിനയിലേക്ക് പോകാനുള്ള ഒരുക്കത്തില്‍.
മഹാമാരിയുടെ രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് മിന പൂര്‍ണമായും അണിഞ്ഞൊരുങ്ങുന്നത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ ഓരോ വര്‍ഷവും ഹജ്ജ്മാസം ലോകത്തെ ഏറ്റവും വലിയ തമ്ബുകളുടെ നഗരി പുതുമോടിയണിയും. നാഥന്റെ വിളികേട്ട് എത്തിയ തീര്‍ഥാടകലക്ഷങ്ങളെ വിരുന്നൂട്ടും. ദൈവവിളികളാല്‍ മിന സജീവമാകും.
25 ലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മിനയില്‍ രണ്ടുലക്ഷത്തോളം തമ്ബുകളുണ്ട്. ഇത്തവണ മിനയെ കൂടുതല്‍ മികവുകളോടെയാണ് ഒരുക്കിയിട്ടുള്ളത്. ഹോട്ടലിന് സമാനമാണ് തമ്ബുകളിലെ സൗകര്യങ്ങള്‍. തമ്ബുകള്‍ക്കുപുറമെ റെസിഡന്‍റ്സ് ടവറുകള്‍ കൂടി ആഭ്യന്തര തീര്‍ഥാടകര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ മിന താഴ്വരയിലെ തമ്ബുകളിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് തീര്‍ഥാടകര്‍. മക്കയിലെ താമസകേന്ദ്രങ്ങളില്‍ അതിനുള്ള അവസാന തയാറെടുപ്പിലാണ്.
വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മിനയില്‍ വ്യാഴാഴ്ച രാപ്പാര്‍ത്താണ് സംഗമത്തില്‍ പങ്കെടുക്കാന്‍ പിറ്റേന്ന് അറഫയിലേക്ക് നീങ്ങുക. ഒരു പകല്‍ അറഫയില്‍ കഴിച്ചുകൂട്ടി മുസ്ദലിഫയില്‍ അന്തിയുറങ്ങി ശനിയാഴ്ച മിനയില്‍ തിരിച്ചെത്തും. അവിടെ മൂന്നുദിനം രാപ്പാര്‍ത്താണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക. ഹജ്ജ് കര്‍മങ്ങള്‍ അടുത്തതോടെ മക്ക മനുഷ്യ മഹാസാഗരമായി മാറുകയാണ്. ഒമ്ബതുലക്ഷം വിദേശ ഹാജിമാര്‍ മക്കയില്‍ എത്തിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം ആഭ്യന്തര തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്. മക്കനഗരവും പുണ്യനഗരികളും പൂര്‍ണമായും സുരക്ഷസേനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ഗതാഗതം ഉള്‍പ്പെടെ കര്‍ശന നിയന്ത്രണത്തിലാണ്.
79,468 ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജിന് എത്തിയത്. ഇതില്‍ 5,765 പേരാണ് കേരളത്തില്‍നിന്ന്. ഇന്ത്യന്‍ ഹാജിമാരോട് ബുധനാഴ്ച രാത്രിതന്നെ മിനയിലേക്ക് പുറപ്പെടാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഔദ്യോഗിക പ്രതിനിധിസംഘം മക്കയില്‍ എത്തിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഇന്ത്യന്‍ പ്രതിനിധിസംഘം മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഹജ്ജ് ദിനങ്ങളില്‍ ശക്തമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
