കാളി ദേവിയെക്കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ മൊയ്ത്രയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. മൊയ്ത്ര പറഞ്ഞതെല്ലാം ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. മഹുവ മൊയ്ത്രയ്ക്കെതിരായ ആക്രമണം തന്നെ ഞെട്ടിച്ചുവെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
‘രാജ്യത്തുടനീളം ആരാധനാരീതികള്‍ വ്യത്യസ്തമാണെന്നത് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. ഒരാള്‍ ദേവിക്ക് എന്താണ് അര്‍പ്പിക്കുന്നത് എന്ന് ആ ഭക്തന് മാത്രമേ അറിയൂ. ഇത് തുറന്നു പറഞ്ഞ മഹുവ മൊയ്ത്രയ്ക്കെതിരെ നടക്കുന്ന ആക്രമണം കണ്ട് ഞാന്‍ ഞെട്ടിപ്പോയി’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
‘മതത്തെ പറ്റി ആര്‍ക്കും പരസ്യമായി ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു. എന്തിനും ഏതിനും മതനിന്ദ ആരോപിക്കപ്പെടുന്നു. മഹുവ മൊയ്ത്ര ആരെയും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണ്. വ്യക്തികള്‍ക്ക് സ്വകാര്യമായി മതം അനുഷ്ഠിക്കാന്‍ വിട്ടുകൊടുക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’, തരൂര്‍ മറ്റൊരു ട്വീറ്റില്‍ പറയുന്നു.
ഓരോ വ്യക്തിക്കും അവരുടേതായ രീതിയില്‍ ദൈവത്തെ ആരാധിക്കാന്‍ അവകാശമുള്ളതിനാല്‍ കാളിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്പ്പിക്കാന് ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു മഹുവ മൊയ്ത്രയുടെ വാക്കുകള്‍. കാല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് അവര്‍ പ്രതികരിച്ചത്. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമുണ്ടാക്കാനല്ലെന്നും കാളീ ദേവി പുകവലിക്കുന്ന വിവാദ ഡോക്യുമെന്ററി പോസ്റ്ററിനായുള്ള പിന്തുണയായി അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മഹുവ പ്രതികരിച്ചു.
