രാജ്യത്തെ ആദ്യ ട്രാന്‍സ്‌ പൈലറ്റിന്‌ ലൈസന്‍സ്‌ നിഷേധിക്കുന്നു; ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന്‌ ഡിജിസിഎ

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റും തൃശ്ശൂര്‍ സ്വദേശിയുമായ ആദം ഹാരിക്ക് വാണിജ്യ പൈലറ്റ് ലൈസന്‍സ് നിഷേധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

ലൈസന്‍സ് നല്‍കാതായതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ഹാരി (23) യിപ്പോള്‍. ഹോര്‍മോണ്‍ ചികിത്സ നടക്കുന്നതിനാല്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കാനാവില്ലെന്നാണ് ഡിജിസിഎയുടെ ഭാഷ്യം.

2020 ലാണ് അപേക്ഷ നല്‍കിയത്. മാനസികനില പരിശോധനയടക്കം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് പരീക്ഷയില്‍ തോല്‍പ്പിച്ചത്. എന്നാല്‍ നിലപാട് വിവേചനപരമാണെന്നും ട്രാന്‍സ്ഫോബിയാണെന്നും വിമര്‍ശിച്ച ആദം, ഡിജിസിഎക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.

കുടുംബം പിന്തുണ നല്‍കാതായതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സഹായത്തോടെയാണ് തിരുവനന്തരപുരം രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ എവിയേഷന്‍ ടെക്നോളജിയില്‍ പ്രവേശനം നേടിയത്. പുരുഷ ശരീരത്തില്‍ കാണുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് ഹാരി സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് എവിയേഷന്‍ പഠനം പൂര്‍ത്തിയാക്കിയത്.

യുകെ, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വിമാനം പറത്താനുള്ള അനുമതിയുള്ളപ്പോഴാണ് ഹാരിക്ക് സ്വന്തം രാജ്യത്ത് അനുമതി നിഷേധിച്ചത്. 2020 ല്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ വനിത വിഭാഗത്തില്‍ പങ്കെടുക്കാന്‍ ഡിജിസിഎ ഹാരിയെ നിര്‍ബന്ധിച്ചിരുന്നു. പരിശോധനയ്ക്ക് ആറുമാസം മുമ്ബ് ചികിത്സ നിര്‍ത്തിയത് കടുത്ത ശാരിരിക – മാസനിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി ഹാരി പറഞ്ഞു. നിയമ യുദ്ധത്തില്‍ ഹാരി വിജയിച്ചാല്‍ ആണ്‍/പെണ്‍ വിഭാഗങ്ങള്‍ക്ക് മാത്രം ലൈന്‍സന്‍സ് നല്‍കുന്ന ഡിജിസിഎ ചട്ടങ്ങള്‍ പൊളിച്ചെഴുതേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *