ഉടുമ്ബഞ്ചോലയിലെ മോഷ്ടാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം

ഇടുക്കി :ദുരൂഹ സാഹചര്യത്തില്‍ ഉടുമ്ബഞ്ചോല ചെമ്മണ്ണാറില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌ മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ്.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ഉടുമ്ബന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍വെച്ച്‌ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്‍റെ പ്രാഥമിക നിഗമനം കൊലപാതകമാണെന്ന് തന്നെയായിരുന്നു.

സംഭവമുണ്ടായത് പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ്. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്ബില്‍ രാജേന്ദ്രന്‍റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്.

രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്‍റെ കൈതട്ടി ചാര്‍ജിങ്ങിനായിട്ടിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

പിന്തുടര്‍ന്ന് എത്തിയ ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. തന്നെ കടിച്ച്‌ പരുക്കേല്‍പ്പിച്ച്‌ ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *