ആദ്യകാലങ്ങളില്‍ വയനാട്ടില്‍ പലരും വെണ്ണപ്പഴക്കൃഷിയിലേക്ക് (ബട്ടര്‍ ഫ്രൂട്ട് / അവക്കാഡോ – Avocado) തിരിഞ്ഞത് മടിയോടെയാണ്.
മുന്‍ കാലങ്ങളില്‍ വാനിലയുടെ അനുഭവം മുന്നിലുള്ളതിനാല്‍ തോട്ടങ്ങളിലെ മറ്റ് വിളകള്‍ ഒഴിവാക്കി, വെണ്ണപ്പഴം കൃഷി ചെയ്താല്‍ ആപ്പിലാകുമോ എന്നതായിരുന്നു പലരുടെയും ആധി. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിപണിയില്‍ നിന്ന് ഇപ്പോള്‍ അനുകൂല വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മേല്‍ത്തരം വെണ്ണപ്പഴം കായ്കള്‍ക്ക് കിലോ 200 രൂപവരെയാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. കോവിഡ് കാലത്ത് നിലച്ചുപോയ കയറ്റുമതി പുനരാരംഭിച്ചതോടെയാണ് പഴത്തിന് വില ഉയരാന്‍ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. ഉരുണ്ട ആകൃതിയും തിളക്കമുള്ള തൊലിയും ഇടത്തരം വലിപ്പവുമുള്ളവയാണ് ഒന്നാംതരം വെണ്ണപ്പഴം. ഇത്തരം കായ്കള്‍ക്കാണ് കിലോക്ക് 200 രൂപ വില ലഭിക്കുന്നത്. ഇടത്തരം കായ്കള്‍ക്ക് വില 100 മുതല്‍ 180 വരെയാണ്. തീരെ വലുപ്പമില്ലാത്തവക്ക് കുറഞ്ഞത് 50 രൂപയെങ്കിലും കര്‍ഷകന് ലഭിക്കുന്നു.
വിളവെടുപ്പ് തുടങ്ങി മൂന്നുമാസം പിന്നിടുമ്ബോള്‍ വെണ്ണപ്പഴ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരിക്കുകയാണ് വിലക്കയറ്റം. ഏറെ വെണ്ണപ്പഴ കര്‍ഷകരുള്ള അമ്ബലവയലില്‍ നിന്ന് ദിവസവും ടണ്‍ കണക്കിന് വെണ്ണപ്പഴമാണ് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
