ഏക്നാഥ് ഷിന്‍ഡെയ്ക്ക് വെല്ലുവിളിയുമായി ഉദ്ധവ്

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏക്നാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനത്തിനെതിരെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു.

അയോഗ്യരാക്കാനുള്ള നടപടികള്‍ നിലനില്‍ക്കുന്ന 16 വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം വാദിക്കുന്നത്.

സുഭാഷ് ദേശായി ആണ് ഹര്‍ജി നല്‍കിയത്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനും ഭൂരിപക്ഷം തെളിയിക്കുന്നതിനുമായി നിയമസഭയില്‍ വോട്ട് ചെയ്ത എല്ലാ വിമത എംഎല്‍എമാരെയും അയോഗ്യരാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കണമെന്ന് സുഭാഷ് ദേശായി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 16 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാന്‍ നോട്ടിസ് നല്‍കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രണ്ട് കേസുകളും തിങ്കളാഴ്ച കോടതി പരിഗണിക്കും. സുപ്രീം കോടതിയുടെ തീരുമാനം ഏക്നാഥ് ഷിന്‍ഡെയുടെ സര്‍ക്കാരിനെ ബാധിച്ചേക്കാം.

ജൂണ്‍ 30നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി. വിശ്വാസവോട്ടെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ ഷിന്‍ഡെ 164 വോട്ടുകള്‍ നേടി. വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 ആണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *