തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.
‘വിരമിച്ചുകഴിഞ്ഞ ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു രോഗമാണ് വെളിപ്പെടുത്തല്‍. അത് അവര്‍ ചെയ്‌തെന്നേ ഉള്ളൂ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ അഭിപ്രായം പറയേണ്ടതില്ല. എല്ലാം പൊലീസ് അന്വേഷിക്കട്ടെ. വെളിപ്പെടുത്തലിന്റെ കാലമല്ലേ. പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ കാണും. നിങ്ങളതിന് പ്രാധാന്യം നല്‍കാതിരുന്നാല്‍ മതി. വെളിപ്പെടുത്തലുകളൊക്കെ താനെ പൊയ്‌ക്കോളും’.–കാനം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറിഞ്ഞോ അറിയാതെയോ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസില്‍ തെളിവുകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു യൂട്യൂബ് ചാനലിലൂടെ മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ ഈ യൂട്യൂബ് വിഡിയോ പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
