സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഉണ്ടായ ശക്തമായ കാറ്റില്‍ മരണങ്ങള്‍ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കോഴിക്കോട് ജില്ലയിലെ 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാവൂരില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍ച്ചു.
മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കക്കയം ഡാം ഭാഗത്തേയ്ക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. വയനാട്ടിലും വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ പുലര്‍ച്ചെയുണ്ടായ ശക്‌തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. അതിരപ്പിള്ളി തുമ്ബൂര്‍മുഴിയില്‍ മുളങ്കൂട്ടം റോഡിലേയ്ക്ക് വീണു ഗതാഗതം തടസപ്പെട്ടു.
മൂന്നാറില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ ആര്‍ കെ ഭണ്ഡാരം (75) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വീടിനു പുറത്തെ ശുചിമുറിയിലേക്കു പോകുന്നതിനിടെ ഭണ്ഡാരത്തിന്റെ ദേഹത്തേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഉടുമ്ബഞ്ചോല താലൂക്കിലെ ബൈസണ്‍വാലി – ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
അതേസമയം, വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യുന മര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംനിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
