ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അബോധാവസ്ഥയില്‍ വിവിധ ആശുപത്രികളിലായി ഒരു വര്‍ഷത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളിവീട്ടില്‍ രാജേഷിനെ (29) തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു.
കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ ശ്രമഫലമായാണ് വ്യാഴാഴ്ച രാവിലെ 10ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്ബാശ്ശേരിയിലെത്തിച്ചത്. ദമ്മാമിലെ മെഡിക്കല്‍ സര്‍വിസ് വിഭാഗമായ ആര്‍.പി.എം നഴ്സിങ്ങിന്റെ കോഓഡിനേറ്റര്‍ വി. ബിനീഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. സംജിത്ത് എന്നിവരുടെ സഹായത്തോടെ വെന്റിലേറ്റര്‍ സൗകര്യത്തില്‍ വിമാനത്തില്‍ കൊണ്ടുപോയ രാജേഷിനെ കെ.എം.സി.സി സൗദി കിഴക്കന്‍ പ്രവിശ്യ മീഡിയവിങ് കണ്‍വീനര്‍ സിറാജ് ആലുവ, തൃശൂര്‍ ജില്ല കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുറഹീം, പ്രസിഡന്റ് ഷെഫീര്‍ അച്ചു, മുന്‍ പ്രസിഡന്റ് റാഫി അണ്ടത്തോട്, സെക്രട്ടറി ഫൈസല്‍ കരീം എന്നിവരും രാജേഷിന്റെ പിതാവ് രാജന്‍, മാതാവ് പുഷ്പലത, സഹോദരിമാരായ സൗമ്യ, രമ്യ, സഹോദരീഭര്‍ത്താക്കന്മാരായ സതീഷ്, രാജേഷ്, പേരക്കുട്ടി ആദിലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
2021 ജൂണ്‍ ഒന്നിന് സൗദി-കുവൈത്ത് അതിര്‍ത്തിയിലെ ഹഫര്‍ അല്‍ബാത്വിനില്‍വെച്ചാണ് അപകടമുണ്ടായത്. രാജേഷിന്റെ വാഹനം ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ് അബോധാവസ്ഥയിലായി.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സ നല്‍കിയെങ്കിലും പൂര്‍വസ്ഥിതിയിലെത്തിയില്ല. പിന്നീട് രാജേഷിന്റെ കുടുംബം മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി, അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ മുഹമ്മദ്കുട്ടി കോടൂര്‍, ഇക്ബാല്‍ ആനമങ്ങാട്, മഹ്മൂദ് പൂക്കാട്, സിദ്ദീഖ് പാണ്ടികശാല, ഇന്ത്യന്‍ എംബസി അധികാരപ്പെടുത്തിയ ഹുസൈന്‍ ഹംസ നിലമ്ബൂര്‍, ഇസ്മാഈല്‍ പുള്ളാട്ട് എന്നിവര്‍ നടത്തിയ സമയബന്ധിതമായ ഇടപെടലിലൂടെയാണ് 14 ലക്ഷം രൂപയോളം ചെലവ് ചെയ്ത് രാജേഷിനെ നാട്ടിലെത്തിക്കാനായത്. വിമാനത്താവളത്തില്‍നിന്ന് ആംബുലന്‍സില്‍ എറണാകുളം അമൃത മെഡിക്കല്‍ കോളജിലെത്തിച്ച രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വിദഗ്ധ പരിശോധനക്കുശേഷം തുടര്‍ചികിത്സക്കായി ന്യൂറോ വിഭാഗത്തിലേക്കു മാറ്റുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. രാജേഷിന് വിമാന ടിക്കറ്റ് നല്‍കിയ ഇന്ത്യന്‍ എംബസി, അര്‍പ്പണമനസ്സോടെ സഹകരിച്ച സൗദി കെ.എം.സി.സി എന്നിവരോട് രാജേഷിന്റെ കുടുംബം നന്ദി അറിയിച്ചു.
