ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ 14 തവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രം ; ഡല്‍ഹിയില്‍ 33കാരി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ പങ്കാളിയില്‍നിന്ന് 14 തവണ ഗര്‍ഭം ധരിക്കുകയും 14 തവണയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാകുകയും ചെയ്ത മുപ്പത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ട്പുര്‍ പ്രദേശത്താണ് സംഭവം. ജൂലൈ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
മുന്‍പ് വിവാഹിതയായിരുന്ന യുവതി ആ ബന്ധം പിരിഞ്ഞ് മറ്റൊരാളുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പലതവണ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വര്‍ഷങ്ങളോളം ഒരുമിച്ചു താമസിച്ചശേഷം ഇയാള്‍ ബന്ധത്തില്‍നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് കുറിപ്പിലെ സൂചന. ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ തനിക്കു മുന്നില്‍ മരണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരു സ്ത്രീ തൂങ്ങിമരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി യുവതിയുടെ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരനാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 7-–8 വര്‍ഷമായി യുവതി ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞായിരുന്നു താമസമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *