ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു; നികുതി കുടിശ്ശിക കണ്ടെത്തി

കോഴിക്കോട്: ഇന്‍ഡിഗോയുടെ ബസ് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടര്‍ന്ന് ഫറോക്ക് ജോയിന്‍റ് ആര്‍.ടി.ഓയുടേതാണ് നടപടി.

ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമില്‍നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി സര്‍വീസ് നടത്തുന്ന ബസാണിത്.

32,500 രൂപയാണ് അടക്കാനുള്ളത്. 7,500 രൂപയോളം പിഴയുമുണ്ട്. നികുതി കുടിശ്ശിക അടച്ച്‌ മറ്റു നടപടികള്‍ പൂര്‍ത്തിയായാല്‍ ബസ് വിട്ടുനല്‍കുമെന്നാണ് ആര്‍.ടി.ഒ അറിയിച്ചത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവം.

ജൂണ്‍ 14ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയിരുന്നു. സംഭവത്തില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി.സി.എ) നിര്‍ദേശപ്രകാരം രൂപവത്കരിച്ച ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി വിമാനത്തിലെ മോശം പെരുമാറ്റം കണക്കിലെടുത്ത് നടപടിയെടുക്കുകയായിരുന്നു.

മൂന്നാഴ്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രയില്‍നിന്നാണ് ജയരാജനെ ഇന്‍ഡിഗോ വിലക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്‍ഡിഗോ കമ്ബനിയുടെ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നാണ് ഇ.പി. ജയരാജന്‍ യാത്രാ വിലക്കിനോട് പ്രതികരിച്ചത്. നിലവാരമില്ലാത്ത കമ്ബനിയാണത്. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തില്‍ കയറില്ല. -എന്നെല്ലാം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *