യുപി സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് തള്ളി കോടതി; മുഹമ്മദ് സുബൈറിന് ജാമ്യം

ന്യൂഡല്‍ഹി: ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ സുബൈറിനു ഇന്നു പുറത്തിറങ്ങാം. യുപി സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിനുള്ള പൊലീസിന്റെ അധികാരം മിതമായി പ്രയോഗിക്കാനുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുബൈറിനെതിരായ എല്ലാ കേസുകളും ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിനു കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. 2018ലെ ട്വീറ്റിന്റെ പേരില്‍ ഡല്‍ഹി പൊലീസ് എടുത്ത കേസില്‍ സുബൈറിന് കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസെടുത്ത രണ്ടു കേസില്‍ റിമാന്‍ഡില്‍ ആയതിനാല്‍ സുബൈറിനു ജയിലിനു പുറത്തിറങ്ങാനായിരുന്നില്ല.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് വര്‍ഷം മുന്‍പുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ ജൂണ്‍ 27ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *