മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന; സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ വാദവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐ ആക്ഷേപം. മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് വ്യക്തമാക്കി.
”ഈ വധശ്രമ ഗൂഢാലോചനയില്‍ ഇപ്പോഴുള്ള പ്രതികള്‍ മാത്രമല്ല ഉള്‍പ്പെട്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇവരുടെ അറിവോടെയാണ് വിമാനത്തില്‍വച്ച് വധശ്രമമുണ്ടായത്. ഡിവൈഎഫ്‌ഐ ഇതു സംബന്ധിച്ച് പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്’ -– വി.കെ.സനോജ് പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന പേരില്‍ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് സുധാകരനും സതീശനും കൂടി ഇതില്‍ പങ്കെുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. കേസില്‍ ശബരീനാഥനെ ഇന്നലെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അന്നുതന്നെ ജാമ്യം അനുവദിച്ചത് പൊലീസിനു തിരിച്ചടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *