ഗര്‍ഭിണിയാണെന്ന് അറിയാതെ ശുചിമുറിയില്‍ പ്രസവിച്ചു; യുവതിയുടെ അനുഭവം ഇങ്ങനെ

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്വദേശിയായ യുവതിക്ക് അടുത്തയിടെ വ്യത്യസ്തമായൊരു അനുഭവം ഉണ്ടായി. തലേന്ന് രാത്രിയില്‍ കടുത്ത വയറുവേദനയും നടുവുവേദനയും അനുഭവപ്പെട്ട 22കാരി പിറ്റേന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പതിവില്ലാതെ സ്വകാര്യഭാഗത്തു നിന്നും രക്തം പുറത്തേക്കൊഴുകുന്നതായി കണ്ടു. ആര്‍ത്തവമാണെന്നാണ് ലൂസി ജോണ്‍സ് കരുതിയത്. എന്നാല്‍ അതിനോടകം താനൊരു കുഞ്ഞിന് ജന്മം നല്‍കിയ കാര്യം അവള്‍ക്ക് മനസിലായിരുന്നില്ല.
ശുചിമുറിയില്‍ ചെന്നിരുന്നയുടന്‍ തന്റെ കാലുകള്‍ക്കിടയില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നതായി കണ്ടു. ആര്‍ത്തവമാണെന്നാണ് കരുതിയതെന്ന് യുവതി പറയുന്നു. എന്നാല്‍ ക്ലോസറ്റിലേക്ക് നോക്കിയപ്പോള്‍ കുഞ്ഞിന്റെ രണ്ട് കാലുകളാണ് കണ്ടതെന്ന് ട്രെയിനി ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ലൂസി പറഞ്ഞു.
ഒരു രാത്രി മുമ്പ് തനിക്ക് കടുത്ത വയറുവേദനയും നടുവു വേദനയും അനുഭവപ്പെട്ടിരുന്നതായി ലൂസി പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിയുമായിരുന്നില്ല. ജനന നിയന്ത്രണമാര്‍ഗം താന്‍ സ്വീകരിച്ചിരുന്നതായും ലൂസി അവകാശപ്പെടുന്നു. ‘കുഞ്ഞിനെ ക്ലോസറ്റില്‍ കാണുന്നതുവരെ ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുമായിരുന്നില്ല.’
പ്രസവിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ‘ഫിറ്റ് ടു ഫ്‌ലൈ’ പരീക്ഷ ലൂസി പാസായിരുന്നു. ഗര്‍ഭ പരിശോധന പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഒമ്പത് മാസത്തിനിടെ തരം കിട്ടുമ്പോഴൊക്കെ മദ്യപിച്ചിരുന്നു. കൂടാതെ ജിമ്മില്‍ പോകുകയും ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായും യുവതി പറയുന്നു. ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും യുവതി അവകാശപ്പെടുന്നു.
‘എനിക്ക് വേദനയൊട്ടും ഉണ്ടായിരുന്നില്ല. ആരും അത് വിശ്വസിച്ചേക്കില്ല. എനിക്ക് കടുത്ത വയറുവേദന ഉണ്ടായിരുന്നു. ഞാന്‍ മലവിസര്‍ജ്ജനം നടത്തുകയാണെന്നാണ് കരുതിയത്.’ യുവതി പറഞ്ഞു. കുഞ്ഞിനെ കണ്ടയുടന്‍ ഒരു ടവ്വലില്‍ പൊതിഞ്ഞ് സിങ്കില്‍ കിടത്തി. ശേഷം ആംമ്പുലന്‍സും മാതാപിതാക്കളെയും വിളിച്ചുവരുത്തിയെന്നും ലൂസി പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും തന്റെ കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. നിങ്ങള്‍ ചിലപ്പോള്‍ കഥകളില്‍ ഇത്തരം സംഭവങ്ങള്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കോ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോയെന്നും ലൂസി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *