രാജ്യസഭയില്‍ 2 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി; രാജ്യസഭയില്‍ 2 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി.

കണ്‍കറന്റ് ലിസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്നത് തടയുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്ലും പൊതു മേഖല സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നത് തടയുന്നതിനായുള്ള സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബില്ലുമാണ് എംപി അവതരിപ്പിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തരത്തില്‍ സമീപകാലത്തായി കേന്ദ്രഗവണ്‍മെന്റ് ഭരണഘടനയുടെ 7-ാം ഷെഡ്യൂളിന്റെ മൂന്നാം പട്ടികയില്‍ വിവരിക്കുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളിന്മേല്‍ സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും കോ-ഓപ്പറേറ്റീവ് മേഖലയിലുമെല്ലാം ഇപ്രകാരമുള്ള ഇടപെടലുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് സമീപകാല അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അനിയന്ത്രിത നിയമനിര്‍മാണങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടുകൂടി ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിച്ചത്, എംപി വ്യക്തമാക്കി.

‘കേന്ദ്രസര്‍ക്കാര്‍ കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയങ്ങളില്‍ തയ്യാറാക്കുന്ന ബില്ലുകള്‍ പാര്‍ലമെന്റ് അംഗീകരിച്ച ശേഷം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും തുടര്‍ന്ന് പകുതിയിലധികം സംസ്ഥാന നിയമസഭകള്‍ അംഗീകരിച്ചാല്‍ മാത്രമേ ആയത് രാഷ്ടപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാവൂ എന്നുമുള്ള ഭരണഘടന ഭേദഗതിയാണ് ഈ സ്വകാര്യ ബില്‍ മുന്നോട്ട് വെക്കുന്നത്’.

‘പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ ആത്മനിര്‍ഭര്‍ ഭാരത് പോളിസി പ്രകാരം കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ‍ഴിക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വേണ്ടി സൗജന്യമായി ഭൂമിയും സാമ്ബത്തിക സഹായവും മറ്റും നല്‍കിയിട്ടുള്ള സംസ്ഥാനങ്ങളുടെ പങ്ക് വിസ്മരിച്ചു കൊണ്ട് അവരെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തികൊണ്ടുള്ള നടപടികളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. എന്ന് മാത്രമല്ല കേന്ദ്ര സ്ഥാപനങ്ങളുടെ ലേല നടപടികളില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ പങ്കെടുക്കുന്നതു പോലും നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്’.

‘കൂടാതെ ഓഹരി വിറ്റ‍ഴിക്കല്‍ നടപടി ക്രമങ്ങളില്‍ ഗവണ്‍മെന്റിന്റെ പങ്ക് പരിമിതപ്പെടുത്തി സ്വകാര്യസ്ഥാപനങ്ങളെ കൊണ്ടാണ് മൂല്യനിര്‍ണയവും ബിഡ് സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ടെന്‍ഡര്‍ നടപടികളും നടത്തുന്നത് എന്നത് വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തുന്നുമുണ്ട്. ഇപ്രകാരമുള്ള സ്വകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സിഎജിയുടെ ഓഡിറ്റിന് വിധേയമാകില്ല എന്നതിനാലും വിവരാവകാശ നിയമം പോലും ബാധകമാകില്ല എന്നതിനാലും ഓഹരി വിറ്റ‍ഴിക്കല്‍ നടപടി ക്രമങ്ങളില്‍ സുതാര്യത നിലനിര്‍ത്താന്‍ ക‍ഴിയില്ലെന്നും പല കേന്ദ്ര സ്ഥാപനങ്ങളുടെയും മൂല്യനിര്‍ണയം കുറഞ്ഞ നിരക്കിലാണ് ചെയ്തിട്ടുള്ളതെന്നുമുള്ള ആക്ഷേപം ഉയര്‍ന്ന് വന്നിട്ടുണ്ട്’.

Leave a Reply

Your email address will not be published. Required fields are marked *