കോഴിക്കോട്: കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകള്‍ക്കും കൊടിയ അഴിമതികള്‍ക്കും എതിരേ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു- മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍ വെറുതേയാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.
സുധാകരന്‍. കോഴിക്കോട് കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും കോണ്‍ഗ്രസ് ദുര്‍ബലമായിട്ടുണ്ട്. കോണ്‍ഗ്രസ് തളര്‍ന്നാല്‍ ഇന്ത്യ തളരും. നമ്മുടെ മതേതരത്വം തളരും. ജനാധിപത്യം തളരും. ഇന്ത്യ അപ്പാടെ ഇല്ലാതാകും. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും. കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ വര്‍ഗീയത വളരുന്നതാണ് നാമിപ്പോള്‍ കാണുന്നത്.
കേരളത്തിലെ ഭരണ നെറികേടുകള്‍ക്കും അഴിമതിക്കുമെതിരേ നടക്കുന്നത് സമാനതകളില്ലാത്ത പോരാട്ടമാണ്. അതിനു മുന്നില്‍ നില്‍ക്കുന്നത് കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമാണ്. ഈ സമരങ്ങള്‍ ലക്ഷ്യം കാണണം, അതിനുള്ള മുന്നൊരുക്കങ്ങളാണ് രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. സംഘടനാപരമായ ദൗര്‍ബല്യമടക്കമുള്ള പ്രശ്നങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. അഴിമതിയും ധൂര്‍ത്തും തന്നിഷ്ടവും മാത്രം കൈമുതലായുള്ള ഒരു സര്‍ക്കാരായിരുന്നു അന്ന് അധികാരത്തിലിരുന്നത്. ഈ സര്‍ക്കാര്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ അവരുടെ ആഗ്രഹം സഫലമായില്ല. അതില്‍ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശരാണ്. ഈ നിരാശയില്‍ നിന്ന് അവരെ മോചിപ്പിക്കണം. രണ്ടാമതൊരു പരാജയത്തിന് ഇനി അനുവദിക്കാനാവില്ല. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ അതിനുള്ള മറുപടി നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. അതിനുള്ള ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നു. അതിന് ഊര്‍ജം പകരാനുള്ള നിര്‍ദേശങ്ങളും പാര്‍ട്ടി രേഖയും ചിന്തന്‍ ശിബിരത്തിലുണ്ടാകണമെന്നു സുധാകരന്‍ വ്യക്തമാക്കി.
ഫാസിസ്റ്റ് അജന്‍ഡയാണ് ബിജെപി നടപ്പാക്കുന്നത്. ഇന്ത്യയുടെ മതേതര ഭരണഘടനയല്ല അവരുടെ ലക്ഷ്യം. ഹിന്ദുത്വ അജന്‍ഡയാണ് അവര്‍ നടപ്പാക്കുന്നത്. മതേതര ഭാരതമല്ല, ഹിന്ദു രാജ്യമാണ് അവരുടെ ലക്ഷ്യം. നമ്മുടെ രാജ്യത്തിനു ജനാധിപത്യവും മതേതരത്വവും നല്‍കിയത് കോണ്‍ഗ്രസാണ്. ഇതെല്ലാം തകര്‍ക്കുകയാണ് ബിജെപി. അവരില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും പ്രതീക്ഷിക്കേണ്ടതില്ല. ഈ അപകടം ചെറുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സുധാകരന്‍.
കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖച്ഛായ മാറ്റുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണ അതിനുണ്ട്. കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന ഇനി ഒട്ടും വൈകില്ല. സംസ്ഥാന തലത്തില്‍ പാര്‍ട്ടി സ്കൂളുകള്‍ ശക്തമാക്കും. സി.യു.സികള്‍ കൂടുതല്‍ ശക്തമാക്കും. കോണ്‍ഗ്രസിന്റെ ഓരോ കുടുംബവും സി.യു.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. രാഷ്‌ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയെ സജ്ജമാക്കും. അതിനുള്ള രൂപ രേഖ തയാറാക്കാന്‍ കൂടിയാണ് ചിന്തന്‍ ശിബിരം. ഇവിടെ ഉരുത്തിയുന്ന ആശയങ്ങള്‍ പാര്‍ട്ടി നയരേഖയായി മാറ്റുമെന്നും എല്ലാവരുടെയും ആഗ്രഹങ്ങള്‍ക്കൊപ്പിച്ച് പാര്‍ട്ടിയെ മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.
