കാബൂള്‍: കൗമാരക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിന് വിധേയരാക്കുകയും, ലൈംഗിക അടിമകളായി മാറ്റുകയും ചെയ്യുന്ന താലിബാന്‍ രീതികള്‍ക്കെതിരെ മാദ്ധ്യമവാര്‍ത്ത നല്‍കിയ വിദേശ എഴുത്തുകാരി ലിന്‍ ഒ ഡോണലിനെ താലിബാന്‍ തടഞ്ഞുവച്ചു.
മൂന്ന് ദിവസത്തോളം ഇവര്‍ താലിബാന്‍ ഭീകരരുടെ തടവിലായിരുന്നു. പിന്നീട് എഴുതിയ വാര്‍ത്ത പിന്‍വലിക്കുകയും മാപ്പ് എഴുതി നല്‍കുകയും ചെയ്തതിന് ശേഷമാണ് ഇവരെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
ഇപ്പോഴത്തെ താലിബാന്‍ ഭരണാധികാരികള്‍ ചെറിയ പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കുകയും താലിബാന്‍ കമാന്‍ഡര്‍മാര്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളായാണ് കാണുന്നുവെന്ന് ആരോപിച്ച് എഴുതിയ റിപ്പോര്‍ട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നാണ് ഇവരുടെ ട്വീറ്റില്‍ പറയുന്നത്. ഫോറിന്‍ പോളിസി മാഗസിനിലാണ് ഓസ്ട്രേലിയന്‍ എഴുത്തുകാരിയായ ലിന്‍ ഒ ഡോണല്‍ താലിബാനെതിരായ കുറിപ്പ് പങ്കുവച്ചത്. എന്നാല്‍ ക്ഷമാപണത്തിനായി താലിബാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇവര്‍ പിന്നീട് വെളിപ്പെടുത്തി.
ഒന്നുകില്‍ കുറിപ്പ് പിന്‍വലിച്ച് മാപ്പ് പറയുക, അല്ലെങ്കില്‍ ജയിലില്‍ പോവുക. ഇതാണ് താലിബാന്‍കാര്‍ എനിക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശം. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് കാണിച്ച് വീഡിയോ ചെയ്യിച്ചുവെന്നും ഇവര്‍ പറയുന്നു. അതേസമയം താലിബാന്‍ നേതാക്കളാരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
