ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം; യുക്രൈനും റഷ്യയും ചരക്കുനീക്ക കരാറില്‍ ഒപ്പുവച്ചു

യുദ്ധം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ ചരക്കുനീക്ക കരാറില്‍ ഒപ്പുവെച്ച്‌ റഷ്യയും യുക്രൈനും.

കരിങ്കടല്‍ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച്‌ ഒപ്പുവെച്ചത്.

റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും യുക്രൈന്‍ അടിസ്ഥാന സൗകര്യ വികസന മന്ത്രി ഒലക്‌സാണ്ടര്‍ കുബ്രാകോവുമാണ് ചടങ്ങിനെത്തിയത്. കരാര്‍ നടപ്പാകുന്നതോടെ ആഴ്ചകള്‍ക്കകം ചരക്കുനീക്കം പൂര്‍ണ തോതിലാക്കാനും മാസംതോറും അഞ്ചുമില്യണ്‍ ടണ്‍ ചരക്കു നീക്കം നടത്താനും കഴിയുമെന്നാണ് യു.എന്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 20 ദശലക്ഷം ടണ്‍ ധാന്യം യുക്രൈനില്‍ കെട്ടികിടക്കുകയാണ്.

ചരക്കുനീക്കം തടഞ്ഞതോടെ മാസങ്ങളായി നടക്കുന്ന ചര്‍ച്ചകളുടെ ഫലമായാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ഇതോടെ ഗോതമ്ബ് വില സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം യുക്രൈനുമായി ഒപ്പുവെക്കുന്ന പ്രധാന കരാറാണിത്. ഇരുരാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് കരാറിന് ചുക്കാന്‍ പിടിച്ചത്. ഈ കരാര്‍ സമാധാനത്തിലേക്കുള്ള വഴി തെളിയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തുര്‍ക്കിക്കൊപ്പം കരാറിനായി പ്രവര്‍ത്തിച്ച യു.എന്നിനാണ് അത് നടപ്പാക്കേണ്ട ചുമതലയെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *