ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി.
കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദിനോടാണ് കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിയെ പിടികൂടി തൊടുപുഴ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
തൊടുപുഴ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ലത്തീഫ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ച സുപ്രീം കോടതി തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പ്രതിക്ക് നിര്‍ദേശം നല്‍കി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ലത്തീഫിനെതിരായ കേസ്. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ്, പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്‌തെങ്കിലും ജാമ്യം ലഭിച്ചു.
തുടര്‍ന്ന് പ്രതി കേസില്‍ നിന്നും പിന്‍മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന്‌വ്യക്തമാക്കി യുവതി ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു.ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ലത്തീഫ് സുപ്രീം കോടതിയെ സമീപിച്ചത്.
