പള്ളത്തെ അനധികൃത മീന്‍ചന്ത ഉടന്‍ അടച്ചുപൂട്ടാന്‍ വീണ്ടും ഹൈകോടതി നിര്‍ദേശം

പൂവാര്‍: പള്ളത്തെ അനധികൃത മീന്‍ചന്ത ഉടന്‍ അടച്ചുപൂട്ടാന്‍ വീണ്ടും ഹൈകോടതി നിര്‍ദേശം. ഇതര സംസ്ഥാന ലോബികളുടെ അധീനതയിലുള്ളഅനധികൃത ചന്ത അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ് വന്നെങ്കിലും നേരത്തേയും രണ്ടു ദിവസം മാത്രം ചന്ത അടച്ചിട്ട് കരുംകുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കോടതിയെ കബളിപ്പിച്ചതായി ആക്ഷേപമുണ്ട്.

തുടര്‍ന്ന് പള്ളം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആന്‍ഡ്രൂസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീണ്ടും ഹൈകോടതിയുടെ ഇടപെടല്‍. പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച്‌ അനധികൃതമായി ചന്ത പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കണമെന്നുമാണ് ഹൈകോടതിയുടെ ഉത്തരവ്.

പള്ളത്തിനു സമീപം കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മത്സ്യ മൊത്തവിപണന കേന്ദ്രത്തിലാണ് ഇതരസംസ്ഥാന മത്സ്യലോബികള്‍ മീനെത്തിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും നൂറോളം ലോറികള്‍ ഇവിടേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്.

അതിര്‍ത്തികളില്‍പോലും പരിശോധനയില്ലാതെയാണ് എത്തുന്നത്. റോഡ് മാര്‍ഗം ലോറിയില്‍ എത്തിക്കുന്ന മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നു. ഇവിടെ ലേലത്തില്‍ വില്‍ക്കുന്ന മീന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ചന്തകളിലും എത്തിച്ച്‌ കച്ചവടം നടത്തും. ഇവിടെ ഉപേക്ഷിക്കുന്ന മാലിന്യം, മലിനജലം എന്നിവയില്‍നിന്നുള്ള ദുര്‍ഗന്ധം കാരണം നാട്ടുകാരും ബുദ്ധിമുട്ടിലാണ്. ചന്തയില്‍നിന്ന് അടുത്തിടെ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *