വടകര: പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം നല്‍കണമെന്ന് കെ.കെ രമ എം.എല്‍.എ.
ആവശ്യപ്പെട്ടു. വിശദമായ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ലെങ്കിലും പോലിസിന്റെ കുറ്റകരമായ അനാസ്‌ഥതന്നെയാണ് ഈ ചെറുപ്പക്കാരന്റെ ജീവനെടുത്തതെന്ന് അവര്‍ ആരോപിച്ചു.
നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞപ്പോഴും കുഴഞ്ഞു വീഴുമ്ബോഴും തിരിഞ്ഞുനോക്കാതെ മനുഷ്യത്വരഹിതമായാണ് പോലീസ് ഉദ്യോഗസ്‌ഥര്‍ പെരുമാറിയത്. വകുപ്പുതല നടപടി കൊണ്ടു മാത്രം ഇത്രയും വലിയ കുറ്റകൃത്യത്തെ മറയ്‌ക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും അമ്മയുടെ അനുജത്തിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജീവന്‍. അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലാത്ത ഈ കുടുംബത്തിന്റെ ദൈന്യത കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. വീടെന്ന സ്വപ്‌നത്തിനായി കുലി പണി ചെയ്‌ത് പണം സ്വരുക്കൂട്ടി വന്നിരുന്ന ഒരു യുവാവിനെയും, അയാളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന്റെയും പ്രതീക്ഷകളെയാണ് ഉദ്യോഗസ്‌ഥ ധാര്‍ഷ്‌ട്യം ഇല്ലാതാക്കിയത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് ഈ കൊലപാതകത്തിലെ ഒന്നാം പ്രതി. നഷ്‌ടപരിഹാരത്തിനൊപ്പം ഇവര്‍ക്ക് വീടു വച്ചു കൊടുക്കാനും സര്‍ക്കാര്‍ തയ്ാറായകണം. ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷ കുറ്റക്കാര്‍ക്ക് ഉറപ്പാക്കണം. രാത്രി 11 മണിക്ക് സ്‌റ്റേഷനില്‍ വിരലിലെണ്ണാവുന്ന പോലിസ് ഉദ്യോഗസ്‌ഥര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
എന്നാലിപ്പോള്‍ സ്‌റ്റേഷനിലെ 59 പോലീസ് ഉദ്യോഗസ്‌ഥരെയും സ്‌ഥലം മാറ്റികൊണ്ട് ആഭ്യന്തര വകുപ്പ് നാടകം കളിക്കുകയാണ്. ഇത്തരം അസ്വാഭാവിക നടപടി യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ കുറ്റവാളികളായവരെ വെളുപ്പിക്കാനും കുറ്റകൃത്യത്തെ ലഘൂകരിക്കുവാനും മാത്രമാണ് ഈ നടപടി സഹായകമാവുക. ഇത്തരം കണ്‍കെട്ടുവിദ്യകള്‍ കൊണ്ട് ഈ ക്രിമിനല്‍ കുറ്റം തേയ്‌ചു മായ്‌ച്ചുകളയാന്‍ സമ്മതിക്കില്ലെന്നും രമ വ്യക്‌തമാക്കി.
