ആന്‍റണി രാജു പ്രതിയായ കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ.

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ. രഞ്ജു ഭാസ്‌കറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് അപേക്ഷ നല്‍കിയത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ വിചാരണ അനന്തമായി നീളുന്നത് തടയണമെന്ന ജോര്‍ജ് വട്ടുകുളത്തിന്‍റെ ഹരജി ബുധനാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച്‌ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ സെഷന്‍സ് കോടതി ശിക്ഷിച്ചെങ്കിലും അപ്പീല്‍ ഹരജിയില്‍ ഹൈകോടതി വെറുതെവിട്ടിരുന്നു. തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ടെത്തിയാണ് 1991 ഫെബ്രുവരി അഞ്ചിലെ വിധിയിലൂടെ വെറുതെവിട്ടത്.

ഇതിന് ശേഷം ആസ്ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസില്‍ അറസ്റ്റിലായി. ആസ്ട്രേലിയന്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ വെച്ച്‌ കോടതി ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയാണ് മയക്കുമരുന്ന് കേസില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. ആന്റണി രാജുവും കോടതിയിലെ തൊണ്ടി ക്ലര്‍ക്കായ ജോസും പ്രതിയായ കേസില്‍ 16 വര്‍ഷം മുമ്ബ് കുറ്റപത്രം നല്‍കിയെങ്കിലും ഇതുവരെ വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *