എരുമേലിയില്‍ തോരാമഴ; കനത്തനാശം

എരുമേലി: ശനിയാഴ്ച വൈകീട്ടത്തെ ശക്തമായ മഴയില്‍ എരുമേലിയിലും സമീപ പ്രദേശങ്ങളിലും വന്‍നാശനഷ്ടം. മലയോര മേഖലകളായ മുക്കൂട്ടുതറ, ഇരുമ്ബൂന്നിക്കര, തുമരംപാറ, കൊപ്പം മേഖലകളിലാണ് കൂടുതല്‍ നാശം ഉണ്ടായത്.

തോടുകള്‍ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി വീടുകളിലും റോഡിലും വെള്ളംകയറി. മഴവെള്ളപ്പാച്ചിലില്‍ തോടിന്‍റെ സംരക്ഷണഭിത്തി തകരുകയും ഗതാഗതം തടസ്സപ്പെടുകയുമുണ്ടായി. നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളും നശിച്ചു.

ഇരുമ്ബൂന്നിക്കരയിലെ മഴവെള്ളപ്പാച്ചിലില്‍ ഉറുമ്ബില്‍ സോമന്‍റെ കോഴിഫാം ഒലിച്ചുപോയി. ഒറ്റപ്ലാക്കല്‍ അസീസ്, കൈതക്കല്‍ ഷാജി എന്നിവരുടെ വീടിന്‍റെ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകര്‍ന്നു. ചരളശ്ശേരില്‍ അബ്ദുല്‍ അസീസ്, ബിന്ദു ആലയില്‍, ജോയി കുറ്റിപ്ലാക്കല്‍, സരസമ്മ പതിനാലില്‍, ചെല്ലമ്മ തഴക്കല്‍, ലളിത തടത്തില്‍, രാജന്‍ പുത്തന്‍പുരക്കല്‍, ഷാജി ചെറുതോട്ടുങ്കല്‍, പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം, പുല്ലാന്നി ഓലിക്കല്‍ ബേബി തുടങ്ങി നിരവധിപേരുടെ വീടുകളില്‍ വെള്ളംകയറുകയും വീട്ടുപകരണങ്ങളടക്കം ഒലിച്ചുപോവുകയും ചെയ്തു.

കൊപ്പം, ഇരുമ്ബൂന്നിക്കര റോഡുകളാണ് തകര്‍ന്നത്. കൊടിത്തോട്ടം പാറമട ഭാഗത്തുനിന്നുമുണ്ടായ കുത്തൊഴുക്ക് താഴ്ന്ന പ്രദേശമായ ചരള നിവാസികളെ ആശങ്കയിലാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം തോരാതെ പെയ്തു. വനത്തിലുണ്ടായ ഉരുള്‍പൊട്ടലാകാം മലയോര മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *