പുല്‍പള്ളി: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പുല്‍പള്ളിയില്‍ പ്രതിഷേധം കനക്കുകയാണ്.
അതേസമയം, കടുവയെ കണ്ടെത്തി തുരത്താനുള്ള കഠിനപ്രയത്നത്തിലാണ് വനവകുപ്പ് അധികൃതര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കടുവയെ നേരിടാന്‍ വടിയും ഫൈബര്‍ ഷീല്‍ഡും കൈവശം വെച്ചുകൊണ്ടാണ് വനപാലകരുടെ പരിശോധന. ശനിയാഴ്ച പുല്‍പള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി പ്രദേശത്തെ കൃഷിയിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
മൂന്നു ടീമുകളായി തിരിഞ്ഞായിരുന്നു മേഖലയില്‍ പരിശോധന. രാവിലെ ആരംഭിച്ച തിരച്ചില്‍ വൈകിട്ട് വരെ നീണ്ടുനിന്നു. പഴുതടച്ചാണ് പരിശോധനയെന്ന് ഫോറസ്റ്റര്‍ മണികണ്ഠന്‍ പറഞ്ഞു. വനപാലകര്‍ക്കൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായി.വ്യാഴാഴ്ച മുതലാണ് പുല്‍പള്ളിയില്‍ കടുവക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്. ഒരുഭാഗത്ത് കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാകുമ്ബോഴും മറുഭാഗത്ത് കൂടുവെച്ച് എത്രയും വേഗം കടുവയെ പിടികൂടി ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധവും കനക്കുകയാണ്.
