ഫുജൈറ/ഷാര്‍ജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേരിട്ട നഷ്ടം വിലയിരുത്താന്‍ ഫുജൈറയിലും റാസല്‍ഖൈമയിലും നടപടികള്‍ ആരംഭിച്ചു.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവുകയും അപകടകരമായ സാഹചര്യം ഒഴിയുകയും ചെയ്ത സാഹചര്യത്തില്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കും നേരിട്ട നഷ്ടം പൂര്‍ണമായും രേഖപ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഫുജൈറ അടിയന്തര കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ആദ്യ യോഗം ചേര്‍ന്നു.
ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ അഫ്ഖാമിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. പ്രളയം ബാധിച്ചവര്‍ക്ക് നാശനഷ്ടങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫുജൈറയില്‍ രണ്ടു ദിവസമായി ഗതാഗതം തടസ്സപ്പെട്ട ഫുജൈറ-ഖിദ്ഫ റിങ് റോഡില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, അല്‍ ഖുറൈയ്യ മേഖലയിലേക്കുള്ള പ്രധാന റോഡ് ഇരുവശത്തേക്കും അടച്ചിട്ടിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നഷ്ടം വിലയിരുത്തുന്നതിന് പ്രത്യേകസംഘം ശനിയാഴ്ച ദുരന്തബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി. എമിറേറ്റിലെ അസാന്, ദഫ്ത-മസാഫി റോഡ്, അല്‍ ഗെയ്ല് റോഡ്, വാദി അല്‍ ഐം, വാദി അല്‍ ഐസ്, വാദി ഷൗക്ക തുടങ്ങി നിരവധി റോഡുകളിലും പ്രദേശങ്ങളിലുമുണ്ടായ നഷ്ടം സംഘം വിലയിരുത്തി. വാദികളിലെ സഞ്ചാരം ഒഴിവാക്കാനും ബദല്‍ റോഡുകള്‍ ഉപയോഗിക്കാനും സംഘം പര്വതപ്രദേശങ്ങളിലുള്ളവരോട് അഭ്യര്‍ഥിച്ചു. എന്തെങ്കിലും നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ ഉടന്‍ പൊലീസ് ഓപറേഷന് റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
അതിനിടെ ശക്തമായ മഴയില്‍ ഗതാഗത തടസ്സം നേരിട്ട ഷാര്‍ജയിലെ വിവിധ മേഖലകളിലെ റോഡുകള്‍ സാധാരണ നിലയിലെത്തി. ഷാര്‍ജയെ കിഴക്കന്‍ മേഖല നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഷാര്‍ജ-കല്‍ബ റോഡില്‍ പൂര്‍ണമായും തടസ്സം നീക്കിയെന്ന് കിഴക്കന്‍ മേഖല പൊലീസ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ ഹമൂദി വിശദീകരിച്ചു. ഖോര്‍ഫുക്കാനിലെ വിവിധ റോഡുകളും ഷിസ്, നഹ്വ മേഖലകളിലെ റോഡുകളും സാധാരണ നിലയിലായി. കല്‍ബ നഗരത്തിലെ ഉള്‍റോഡുകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.
