കോട്ടയം : സംസ്ഥാനത്താകെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലകളിലാണ് മഴ കൂടുതല്‍ ശക്തമായത്. അപ്രതീക്ഷിതമായി കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലെ ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുകളുണ്ടായി. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പലയിടത്തും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയാണ്. കോട്ടയം ജില്ലയില്‍ മലയോര മേഖലകളിലെ തടയണകള്‍ പൊളിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഉരുള്‍ പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് തീരുമാനം. കോട്ടയം ജില്ലയിലെ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം ക്വാറികളുടെ പ്രവര്‍ത്തനമല്ലെന്നും വി.എന്‍ വാസവന്‍ അറിയിച്ചു. കഴിഞ്ഞ പ്രളയത്തിന് ശേഷം ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ആ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
അതേസമയം, റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും. 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
നാളെ പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്.
